- by RTP
- June 09, 2025
Loading
തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 17 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. ഇഡി കസ്റ്റഡിയില്‍ വെച്ച് പുലര്‍ച്ചെ രണ്ടു മണിയോടെ നെഞ്ചു വേദന അനുഭവപ്പെട്ട മന്ത്രി കുഴഞ്ഞു വീണു. തുടര്‍ന്ന് സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ സെന്തില്‍ ബാലാജിയുടെ വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും ഉള്‍പ്പെടെ ഇഡി പരിശോധന നടത്തിയിരുന്നു.
2011-15 കാലഘട്ടത്തില്‍, ജെ ജയലളിതയുടെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമനം നല്‍കുന്നതിന് വിവിധ വ്യക്തികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായും സെന്തില്‍ ബാലാജിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
ജയലളിതയുടെ ഭരണകാലത്ത് 2011 മുതല്‍ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തില്‍ ബാലാജി പിന്നീട് ഡിഎംകെയില്‍ ചേരുകയായിരുന്നു. ഇപ്പോള്‍ എംകെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി, എക്സൈസ് വകുപ്പു മന്ത്രിയാണ്. സെന്തില്‍ ബാലാജിയെ അറസ്റ്റുചെയ്ത ഇഡിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ഡിഎംകെ ആരോപിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സെന്തില്‍ ബാലാജിയെ കാണാനായി മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, മാ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.