അമ്മയാനയുടെ അടുത്തുനിന്ന് കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തിയ കാട്ടാനക്കുട്ടിക്ക് തണലൊരുക്കി വനപാലകര്‍. പാലക്കാട് അഗളി ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തില്‍ വനംവകുപ്പ് ഒരുക്കിയ താത്ക്കാലില കൂട്ടിലാണ് കാട്ടാനക്കുട്ടിയുള്ളത്. ‘കൃഷ്ണ’ എന്നാണ് കുട്ടിക്കൊമ്പന് വനപാലകര്‍ താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. അമ്മയാന തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
വ്യാഴാഴ്ചയാണ് അമ്മയാനയുമായി ഒരു വയസുള്ള കുട്ടിക്കൊമ്പന്‍ കാടിറങ്ങിയത്. ജനവാസമേഖലയില്‍ കുട്ടിക്കൊമ്പനെ തനിച്ചാക്കി അമ്മയാന കാടുകയറുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്കൊമ്പനായി വനംവകുപ്പ് താത്ക്കാലിക കൂടൊരുക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ അമ്മയെ കണ്ടെത്തി കാട്ടാനക്കുട്ടിയെ ഒപ്പം ചേര്‍ത്ത് ആനക്കൂട്ടത്തെ കാടു കയറ്റിയെങ്കിലും വൈകീട്ടോടെ കുട്ടിക്കാമ്പന്‍ കാടിറങ്ങുകയായിരുന്നു. തുടര്‍ന്ന് കാട്ടിലേക്ക് വിടാനുള്ള ശ്രമമുണ്ടായെങ്കിലും ഫലം കണ്ടില്ല. അമ്മയാനയെത്തി കൂട് തകര്‍ത്ത് കുട്ടിക്കൊമ്പനെ കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍.