ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കും; കേന്ദ്ര ആരോഗ്യ മന്ത്രി


ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഉഷ്ണ തരംഗവും മറ്റ് അസുഖങ്ങളും മൂലം ഉത്തര്‍പ്രദേശ് ബീഹാര്‍ എന്നിവിടങ്ങളിലായി നൂറിലധികം പേര്‍ മരിച്ചു. ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.


ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്,ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയത്. ഉത്തര്‍ പ്രദേശിലും ബീഹാറിലുമായി 113 പേരാണ് മരിച്ചത്. അടുത്ത 4 ദിവസത്തേക്ക് ചുട് കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നത തല യോഗം വിളിച്ചത്. ഉഷ്ണ തരംഗം രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലേക്ക് അഞ്ചംഗ സംഘത്തെ അയക്കും. ആരോഗ്യ വിദഗ്ധര്‍ക്ക് പുറമെ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രതിനിധിയും സംഘത്തില്‍ ഉണ്ടാകും.ഉത്തര്‍പ്രദേശിലെ മരണങ്ങള്‍ എല്ലാം ഉഷ്ണ തരംഗം മൂലം ആണെന്നതില്‍ തെളിവ് ഇല്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. താപനില ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ പൂര്‍ണ്ണ സജ്ജമാക്കാനും, നിര്‍മ്മാണ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളടക്കം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.



 



MORE IN LATEST NEW