- by web desk
- June 30, 2023
Loading
2000 രൂപയുടെ കറന്‍സികള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഭിഭാഷകനായ രജനീഷ് ഭാസ്‌കര്‍ ഗുപ്തയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
റിസര്‍വ് ബാങ്ക് തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവും പൊതുനയത്തിന് എതിരുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 1934 ലെ ആര്‍ബിഐ ആക്ട് പ്രകാരം ഏതെങ്കിലും മൂല്യമുള്ള ബാങ്ക് കറന്‍സികള്‍ വിനിമയം ചെയ്യുന്നത് തടയാനോ നിര്‍ത്തലാക്കുന്നതിനോ ആര്‍ബിഐക്ക് സ്വതന്ത്ര അധികാരമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുമ്പ് ക്ലീന്‍ നോട്ട് പോളിസി ഒഴികെ മറ്റ് കാരണങ്ങളൊന്നും റിസര്‍വ് ബാങ്ക് നല്‍കുന്നില്ല. പൊതുജനങ്ങളുടെ പ്രതീക്ഷിക്കുന്ന പ്രശ്നങ്ങള്‍ വിശകലനം ചെയ്യാതെയാണ് തീരുമാനം എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ കാരണങ്ങളില്ലാതെ ഇത്തരത്തില്‍ കറന്‍സികള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചാല്‍ കോടിക്കണക്കിന് പണം പാഴാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു.