- by RTP
- June 09, 2025
Loading
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 261 ആയി. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചുവെന്നും ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു. കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ സംഭവ സ്ഥലത്തെത്തി.വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം നടന്നത്. ഒരേ സമയത്ത് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ്, യശ്വന്ത്പുര്‍- ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തില്‍പ്പെടുകയായിരുന്നു.കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് കോറമാണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂര്‍-ഹൗറ ട്രെയിന്‍ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ യശ്വന്ത്പൂര്‍-ഹൗറ എക്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. അപകടത്തെത്തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. ചിലതു വഴി തിരിച്ചുവിടുകയും ചെയ്തു.