കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട ബിനു അടിമാലി അപകടനില തരണം ചെയ്തു


മിമിക്രി കലാകാരനും ചലച്ചിത്ര അഭിനേതാവുമായിരുന്ന കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലി അപകടനില തരണം ചെയ്തു. അപകടത്തിൽ പരുക്കേറ്റ ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബിനു അടിമാലി അപകടനില തരണം ചെയ്തായിട്ടാണ് റിപ്പോർട്ടുകൾ. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും.നീണ്ട മുഖത്തും പല്ലുകൾക്കുമാണ് പരുക്കേറ്റിരിക്കുനത്.  ഒൻപതു മണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാർഥന മഹേഷിനോടൊപ്പം ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഉല്ലാസും ബിനുവും കഴിയുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹേഷ് കുഞ്ഞുമോനെ വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ജൂൺ 5 ന് പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിലാണ് കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽനിന്നും സ്റ്റേജ്ഷോ കഴിഞ്ഞ് എറണാകുളത്തേക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.



MORE IN LATEST NEW